അഞ്ചല്‍ : സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ അലങ്കോലപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പ്രധാന അധ്യാപകന്റെ പരാതിയില്‍ കേസെടുത്ത് പൊലിസ്. ഏരൂര്‍ പഞ്ചായത്ത് അംഗം ശ്രീകുട്ടി, സിപിഐ പ്രാദേശിക നേതാവ് സുദേവന് എന്നിവര്‍ക്കെതിരെയാണ് ഏരൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്രധാന അധ്യാപകന് നല്കിയ പരാതിയില്‍ പൊലിസ്് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. വാര്‍ഡ് അംഗമായ ശ്രീകുട്ടിയെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നില്ലെന്ന് ആരോപിച്ച് സ്കൂളില്‍ അതിക്രമിച്ചു കടക്കുകയും പരിപാടികള്‍ അലങ്കോലപ്പെടുത്തുകയും ചെയ്തുവെന്ന് പ്രധാന അധ്യാപകനായ പി. ഹാഷിം നല്കിയ പരാതിയില്‍ പറയുന്നു. തന്നെ സ്ഥലം മാറ്റുമെന്നും മറ്റും ഭീണിപ്പെടുത്തിയതായും സംഭവത്തില്‍ ഇടപെട്ട പിടിഎ മുന്‍ പ്രസിഡന്റിനോടും ഇരുവരും മോശമായി ഇടപെട്ടുവെന്നും പരാതിയില്‍ പറയുന്നു.
കഴിഞ്ഞ 16 നാണ് ഏരൂര്‍ എസ്ഐയ്ക്കു പരാതി നല്‍കിയത്. എന്നാല്‍ പരാതിയില്‍ കേസെടുക്കാന്‍ പൊലിസ് തയാറാകാത്തിരുന്നതോടെ കോണ്‍ഗ്രസ് നേതാക്കള്‍ പൊലിസ് സ്റ്റേഷനില്‍ എത്തി പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാന അധ്യാപകന്റെ മൊഴി രേഖപ്പെടുത്തിയ ഏരൂര്‍ പൊലിസ്് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സുദേവന് ഒന്നാം പ്രതിയായും വാര്‍ഡ് അംഗം ശ്രീകുട്ടി രണ്ടാം പ്രതിയുമായാണ് പൊലിസ് കേസെടുത്തത്.